ഗുരുവായൂർ: സുരക്ഷാവലയമില്ലാതെ, നിറഞ്ഞചിരിയോടെ ഭക്തർക്കിടയിലൂടെയെത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂരിൽ ദർശനം നടത്തി. അവധിദിനത്തിന്റെ വൻ തിരക്കായിരുന്നിട്ടും മുഖ്യമന്ത്രിയുടെ വരവ് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കിയില്ല.
ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രി ഗുരുവായൂരിലെത്തിയത്. തെക്കേ നടയിൽ കാറിൽനിന്നിറങ്ങി ഭക്തർക്കിടയിലൂടെ നടന്ന് അദ്ദേഹം ക്ഷേത്രത്തിലെത്തി. കോൺഗ്രസ് പ്രവർത്തകരും ഭക്തരും അദ്ദേഹത്തെ അനുഗമിച്ചു.
ഭക്തർക്ക് കൈകൊടുത്തും സെൽഫിയെടുക്കാൻ ഒപ്പംനിന്നുമാണ് കിഴക്കേ ഗോപുരത്തിനു സമീപമെത്തിയത്. അവിടെ ജനക്കൂട്ടം മുഖ്യമന്ത്രിയെ പൊതിഞ്ഞു. കൊച്ചുകുട്ടികളേയും അമ്മമാരേയും ചേർത്തുനിർത്തി വിശേഷങ്ങൾ ചോദിക്കാനും അദ്ദേഹം സമയംകണ്ടെത്തി.
ശീവേലിക്കുശേഷം നാലമ്പലത്തിൽ പ്രവേശിച്ച മുഖ്യമന്ത്രി കണ്ണന് കദളിക്കുലയും നെയ്യും കാണിക്കയും സമർപ്പിച്ചാണ് ദർശനം നടത്തിയത്.ഇന്നലെ മുഖ്യമന്ത്രിയും ദേവസ്വത്തിന്റെ നിയമം പാലിച്ചാണ് ദർശനം നടത്തിയത്.
31 വർഷങ്ങൾക്കുശേഷം
31 വർഷത്തിനുശേഷം ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയ കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശൻ. 1995ൽ കെ. കരുണാകരനാണ് മുഖ്യമന്ത്രിപദത്തിലിരിക്കേ അവസാനമായി ദർശനം നടത്തിയത്.
പിന്നീട് ഇ.കെ.നായനാരും എ.കെ. ആന്റണിയും ഉമ്മൻചാണ്ടിയും വി.എസ്.അച്യുതാനന്ദനും പിണറായി വിജയനുമാണ് കേരളം ഭരിച്ചിരുന്നത്. കെ. കരുണാകരൻ എല്ലാ മലയാളമാസം ഒന്നാം തീയതിയും ഗുരുവായൂരില മറ്റു വിശേഷ ദിവസങ്ങളിലും ക്ഷേത്രത്തിലെത്തുന്ന പരമഭക്തനായിരുന്നു.